Friday, 2 December 2022

കലാലയ ഗ്രന്ഥശാലകളുടെ പ്രസക്തി

 

"മനുഷ്യന്റെ ഭാവിയെക്കുറിച്ച് എപ്പഴും പ്രതീക്ഷയുണ്ടാക്കുന്ന ഒന്നാണ് ഗ്രന്ഥശാലകളുടെ നിലനിൽപ്പ്" 
                                                    ടിഎസ് എലിയട്ട് 

അക്ഷരങ്ങളാണ് ലോകത്ത് മനുഷ്യനാവശ്യമായ പല  വിപ്ലവങ്ങളും ഉണ്ടാക്കിയത്. മനുഷ്യന്റെ ജീവിതത്തെ അവനോളം ആഴത്തിൽ പരിശോധിക്കാനും അവന്റെ സർവ്വവിധ ആശയങ്ങൾ കൈമാറാനും, അറിവിന്റെ മഹാ സാഗരം തീർക്കാനും, ഉതകും വിധം വളരാനും അക്ഷരങ്ങൾ നമ്മെ പ്രാപ്തരാക്കി  ''വായിക്കുമ്പോള്‍ നമ്മള്‍ മനുഷ്യരാശിയെന്ന ഒരു മഹാസംഘവുമായി നേരിട്ടു ബന്ധപ്പെടുകയാണ്. ഒരു പൂവ് വാസനിക്കുമ്പോള്‍ ഒരു വസന്തവുമായി ബന്ധപ്പെടുന്നതുപോലെ. പ്രപഞ്ചത്തോളം വലുതായ അറിവിനെ അല്‍പമെങ്കിലും ഉള്‍ക്കൊള്ളാനുള്ള ഒരെളിയ ശ്രമം നമ്മള്‍ നടത്തേണ്ടതുണ്ട്. അതിനായി പുസ്തകം കയ്യിലെടുത്തോളൂ. എന്നിട്ട് മനുഷ്യന്‍ എന്ന മഹാപ്രതിഭാസത്തെ അഭിമാനത്തോടെ വായിച്ചുതുടങ്ങൂ.....''  ഈ കാലഘട്ടത്തിന്റെ എഴുത്തുകാരനായ സുഭാഷ് ചന്ദ്രൻ വായനയുടെ വലിയ ലോകത്തെ പറ്റി പറയുമ്പോൾ ഈ മഹത്തായ ഗ്രന്ഥങ്ങൾ കാത്തു സൂക്ഷിക്കുന്ന, വായനക്കാർക്ക് യഥേഷ്ടം വായിക്കാനാകുന്ന ഗ്രന്ഥശാലകളുടെ പ്രസക്തി എത്രവലുതാണ്. ദേശങ്ങൾ താണ്ടിപോയാലും  മലയാളികൾ  മാതൃഭാഷയേയും കൂടെ ചെർത്തുപിടിക്കാറുണ്ട്. ഒപ്പം നെഞ്ചോട് ചേർത്തുവെച്ച വികാരമായിരുന്നു ഭാഷയും  വായനയും.  ഓരോരുത്തരുടെയും കലാലയ കാലത്ത് അവരിൽ വളർത്തിയെടുക്കുന്ന ഗൗരവ വായനയുടെ ആഴമാണ് അവരവരിലെ വായനാശേഷിയെ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളത്.  അതിനാൽ തന്നെ കലാലയങ്ങളിലെ വായനശാലകൾ സംസ്‌കാരത്തെ കൂടെ കൂട്ടി അറിവിനും വിദ്യാഭ്യാസത്തിനൊപ്പം അവരവരിലെ സർഗാത്മക ശേഷി വർധിക്കുന്നു, അവനാൽ ആവുന്ന വിധം അതിനെ വികസിപ്പിക്കാൻ സഹായിക്കുന്നു.  'പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ പുത്തനൊരായുധമാണു നിനക്കതു പുസ്തകം കയ്യിലെടുത്തോളൂ.....'' എന്ന മഹത്തായ മുദ്രാവാക്യം ഉള്ളിൽ പേറിയ മലയാളിയോട്  വായനയെ പറ്റി കൂടുതൽ പറയേണ്ടതില്ല.  കലാലയങ്ങളിലെ വായനശാലകൾ ഒരുകാലത്ത് മലയാളിയുടെ ദിശ നിശ്ചയിച്ചിരുന്നു  കോളേജ്  ലൈബ്രറികൾ വിദ്യാർത്ഥികളുടെ  വായനക്കാരുടെ ഒരത്താണിയായി അന്ന്  മാറിയെന്നതിൽ അത്ഭുതങ്ങൾ ഒന്നുമില്ല.  
 
കേരള സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹ്മാൻ എം.ടി.എം കോളേജ് ലൈബ്രറി സന്ദർശിക്കുകയും, ലൈബ്രറി പുസ്തകങ്ങൾ പരിശോധിക്കുകയും ചെയ്തു.  "പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ അറിവിന്റെ വെളിച്ചം പകരുന്ന, അതോടൊപ്പം ആധുനിക വിദ്യാഭ്യാസത്തിന്റെ സൗകര്യങ്ങളും, കലാകായിക മേഖലകളിലും ഗൗരവപൂർവ്വം സമീപിക്കുകയും ചെയ്യുന്ന സ്ഥാപനമായ  എംടിഎം കോളേജ് മാതൃകയാണ്" എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വെളിയങ്കോട് ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് ഷംസു കൊല്ലാട്ടേൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എകെ.സുബൈർ, വെളിയങ്കോട് ഗ്രാമ  പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സെയ്ത് പുഴക്കര, എംടിഎം ട്രസ്റ്റ് ചെയർമാൻ ഡോ:വികെ അബ്ദുൾ അസീസ്, അധ്യാപകനായ സുഹൈബ്  എന്നിവർ സന്നിഹിതരായിരുന്നു, ലൈബ്രേറിയൻ ഫൈസൽ ബാവയുടെ നേതൃത്വത്തിൽ റീഡേഴ്സ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികളാണ്   മന്ത്രിയെ സ്വീകരിച്ചത.
 

അയ്യായിരത്തോളം പുസ്തകങ്ങൾ നിരന്നിരിക്കുന്ന ഈ ലൈബ്രറിയിൽ   കലാ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് ഉള്ള ഒട്ടുമിക്ക പ്രശസ്തരും സന്ദർശിച്ചിട്ടുള്ളതാണ്. ഈ പ്രവർത്തന വർഷത്തിൽ നടപ്പിലാക്കിയ എഴുത്തുകാരിൽ നിന്നും നേരിട്ട്  പുസ്തക ശേഖരം എന്ന പദ്ധതിയിൽ ഇതിനകം തന്നെ നൂറോളം പുസ്തകങ്ങൾ ലഭിച്ചു കഴിഞ്ഞു. മലയാളത്തിന്റെ ഒട്ടേറെ  പ്രിയ എഴുത്തുകാരിൽ നിന്നും ഒപ്പം പുതിയ എഴുത്തുകാരിൽ നിന്നും നിരന്തരം പുസ്തകങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. ലൈബ്രറിയിൽ നിന്നും എടുക്കുന്ന പുസ്തകങ്ങളുടെ വായനാനുഭവം വിദ്യാർത്ഥികളിൽ നിന്നും സ്വീകരിച്ച് മികച്ച വായനാനുഭവങ്ങൾക്ക് മാസാമാസം സമ്മാനങ്ങൾ നൽകുന്നു. വായന മരിക്കുന്നു, വായനക്കാരുടെ എണ്ണം കുറയുന്നു എന്നൊക്കെയുള്ള മുറവിളികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. എന്നാൽ ലൈബ്രറിയുടെ പ്രവർത്തനത്തിൽ അതിന്റെ ഒരു കുറവും കാണുന്നില്ല എന്ന് മാത്രമല്ല ലൈബ്രറി അംഗത്വമെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം  നാൾക്കുനാൾ കൂടിയ വരികയുമാണ് എന്നത് എം.ടി.എം കോളേജ് ലൈബ്രറിയെ സംബന്ധിച്ച്  അഭിമാനമാണ്. ഒപ്പം ലൈബ്രറിയിലേക്ക് വായനക്കാരും  യഥേഷ്ടം പുസ്തകങ്ങൾ സംഭാവന നൽകുന്നതും  പുസ്തക ശേഖരം വർധിക്കുന്നതും വായനയുടെ പ്രാധാന്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. മാനേജ്‌മെന്റ് എല്ലാ വർഷവും ലൈബ്രറിക്കായി വലിയൊരു തുകയാണ് മാറ്റിവെക്കുന്നത്. ഏറ്റസും അത്യാധുനിക സൗകര്യങ്ങളോട് കൂടി അന്താരാഷ്ട്ര നിലവാരത്തിലുള്ള കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയാണ് എംടിഎം കോളേജ് ലൈബ്രറി. മറ്റൊരു പ്രത്യേകത കോളേജ് നില്കുന്നത് ഒരു ഗ്രാമപ്രദേശത്താണ് ആയതിനാൽ ഈ ലൈബ്രറി പൊതുജങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ പബ്ലിക് ലൈബ്രറി കൂടിയാണ്. ഇത്രയും സൗകര്യങ്ങൾ ഗ്രാമവാസികൾക്ക് കൂടി ലഭ്യമാകണം എന്ന മാനേജ്‌മെന്റിന്റെ ആശയമാണ് വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ പബ്ലിക് ലൈബ്രറി എന്ന് കൂടി നാമകരണമുള്ള ഈ ഗ്രന്ഥാലയം. നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇടമാണ് ലൈബ്രറി എന്നാണല്ലോ ആൽബർട്ട് ഐൻസ്റ്റിന് പറഞ്ഞിട്ടുള്ളത്. ലൈബ്രറിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി ഒട്ടേറേ സാംസ്കാരിക പരിപാടികൾ കൂടി ഇതിനകം നടന്നു കഴിഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ചിത്ര പ്രദർശനങ്ങൾ, ഫോട്ടോ പ്രദർശനങ്ങൾ, കവിയരങ്ങ്, തുടങ്ങി പല സാംസ്‌കാരിക പരിപാടികളുടെ പ്രധാന ആസ്ഥാനം കൂടിയാണ് എംടിഎം കോളേജ് ലൈബ്രറി. (NDLI) നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ യിൽ ഈ ലൈബ്രറിയും അംഗമാണ്.  


അറിവാര്‍ജ്ജിക്കാത്തവനെയും അറിവെന്തെന്ന് തിരിച്ചറിയാന്‍ കഴിയാത്തവനെയും ചൂഷണം ചെയ്യുന്നവരാണ് അവരെ പട്ടിണിയിലേക്കും തള്ളിവിട്ടത്. പട്ടിണിമാറ്റാന്‍ പുസ്തകം വായിച്ചുതുടങ്ങിക്കൊള്ളൂ എന്ന ആഹ്വനം പോലെ തന്നെ ഉള്ളിൽ അന്ധകാരം നിറച്ചവരിൽ നന്മയുടെ വെളിച്ചം വിതറാൻ ഇത്തരം കലാലയ  ഗ്രന്ഥശാലകൾക്ക് വലിയ സംഭാവനകൾ നല്കാനാവുമെന്നത് പ്രസക്തമാണ്. കൂടുതൽ തെളിച്ചത്തോടെ നിലലിൽക്കുന്ന എംടിഎം കോളേജ് ലൈബ്രറിയിലെ ഈ അക്ഷര ജ്വാലയുടെ തിളക്കം ഭാവി തലമുറക്കായുള്ള വലിയ ഇടപെടൽ കൂടിയാണ്. 

ഫൈസൽ ബാവ

20. Puntius thomassi. (കുഴികുത്തി)

  20. Puntius thomassi .   Malayalam Name: കുഴികുത്തി     ...