Friday 24 November 2023

വിളക്കേന്തുന്നവരുടെ കഥകൾ

വായനാനുഭവം

ഫൈസൽ ബാവ

('ചില നഴ്‌സിംഗ് കഥകൾ' എന്ന തെരെഞ്ഞെടുത്ത കഥാ സമാഹാരത്തിലൂടെ)


ലോകം ഒരു മഹാമാരിയുടെ പിടിയിൽ നിന്നുമിപ്പോഴും പൂർണമായും മോചിക്കപ്പെട്ടിട്ടില്ല എന്നാൽ നിലവിലെ ലോകം ഇത്തരത്തിൽ എങ്കിലും നിലനിൽക്കാൻ പ്രധാന കാരണം ആതുരസേവന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ മനുഷ്യത്വപരമായ സമീപനമാണ്. ഫ്ലോറൻസ് നൈറ്റിംഗേളിനെ വിളക്കേന്തിയ വനിത എന്ന് നാം ബഹുമാനത്തോടെ വിളിക്കുമ്പോൾ ഇത്തരത്തിൽ വിളക്കേന്തിയ ലക്ഷകണക്കിന് നഴ്‌സുമാർ രാവും പകരും ജീവൻ പണയം വെച്ച് സേവനം ചെയ്തതിന്റെ  ഫലമാണ് ഇന്നും ഈ ലോകത്തിന്റെ നിലനിൽപ്പ്. അവരുടെ  പ്രവർത്തനം നാം ഇതിനകം ഈ കാലത്ത്  ലോകത്തെ എല്ലായിടത്തെയും ജനങ്ങൾക്ക് ഒരുപോലെ  മനസിലാക്കാനായി എന്നതാണ് കോവിഡ് കാലം നമുക്ക് മനസിലാക്കി തന്നത്. ഈ സന്ദർഭത്തിലാണ് തൃശൂരിലെ പ്രധാന ആതുരസേവന കേന്ദ്രമായ ദയ ഹോസ്പിറ്റലിന്റെ  ദയ പബ്ലിക്കേഷൻ ചില നഴ്‌സിംഗ് കഥകൾ എന്ന പേരിൽ എട്ടുകഥകളുടെ സമാഹാരം ഇറങ്ങുന്നത്. ഡോ: കദീജ മുംതാസ് ആണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. അവരുടെ തന്നെ കൗമാരം എന്ന കഥയും അതിൽ പെടും. എൻ.മോഹനന്റെ സ്നേഹത്തിന്റെ മുള്ളുകൾ, ഐശ്വര്യയുടെ 'മറ്റൊരു മയിലാംപെട്ടിക്കാരി', 'മാലാഖയിൽ നിന്നുള്ള ദൂരം', 'വെള്ളാരം കണ്ണുള്ള മാഷ്'  എന്നീ മൂന്നു കഥകൾ, ഡോ:പി.പി.വേണുഗോപാലിന്റെ 'സ്‌ട്രോബിലാന്തസ്', ഡോ:വി.കെ.അബ്ദുൽ അസീസിന്റെ 'പുഴകളങ്ങനെ പലമാതിരി' ബിച്ചു കൽഹാരയുടെ 'ആഭ' എന്നിവയാണ് 'ചില നഴ്‌സിംഗ് കഥകൾ'എന്ന ഈ സമാഹാരത്തിലുള്ള മറ്റു കഥകൾ

നഴ്‌സിംഗ് മേഖലയെപ്പറ്റി ശക്തമായ അധമബോധം നിലനിന്നിരുന്ന കാലം ഇപ്പോൾ ഏതാണ്ട് മാറിത്തുടങ്ങി എന്ന് മാത്രമല്ല കോവിഡ്  മഹാമാരികാലത്ത് നഴ്‌സ്മാരുടെ സേവനം ലഭിക്കാത്ത ഒരാള് പോലും ലോകത്തില്ല എന്ന അവസ്ഥയിൽ ലോകത്തെ ഏറ്റവും മഹത്തായ പ്രവ്യത്തികളിൽ ഒന്നാണ് നസ്‌സിങ് എന്ന് തിരിച്ചറിയാനും സാധിച്ചു. ആതുര സേവനമേഖലകളിൽ സാധാരണക്കാരുമായി ഏറ്റവും അധികം ഇടപെടേണ്ടി വരുന്ന അവരുടെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷാ കാര്യങ്ങളിൽ രോഗിയോടൊപ്പം ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന നഴ്‌സുമാർക്ക് ആദ്യകാലങ്ങളിൽ പരിചാരകർ എന്നതിലപ്പുറം ഒരു സ്ഥാനം നമ്മൾ നൽകിയിരുന്നില്ല. അന്ന സ്വിറിന്റെ  'നഴ്സ്' എന്ന ഒരു കവിതയുണ്ട് 

"മരുന്നും വെള്ളവുമില്ലാത്ത ഒരാശുപത്രിയിൽ
ഞാനൊരു നഴ്സായിരുന്നു;
മലവും ചലവും ചോരയും നിറഞ്ഞ പാത്രങ്ങൾ
ഞാനെടുത്തുമാറ്റിയിരുന്നു.

മലവും ചലവും ചോരയും എനിക്കിഷ്ടമായിരുന്നു.
ജീവിതം പോലവ ജീവനുള്ളവയായിരുന്നു,
ചുറ്റിനും ജീവിതം കുറഞ്ഞുവരികയുമായിരുന്നു.

ലോകം മരിക്കുമ്പോൾ
മുറിപ്പെട്ടവർക്കു മൂത്രപ്പാത്രമെടുത്തുകൊടുക്കുന്
രണ്ടു കൈകൾ മാത്രമായിരുന്നു ഞാൻ."

ഇങ്ങനെ ലോകം മരിച്ചുകൊണ്ടിരിക്കുമ്പോൾ അറപ്പോ വെറുപ്പോ തോന്നാതെ ആത്മാർഥമായി ശുശ്രൂഷാ കാര്യങ്ങളിൽ ഇടപെട്ട് അവരുടെ രക്തവും ചലവും വിസർജ്യവും വൃത്തിയാക്കി അകന്നുപോകുന്ന  അവരിലെ ജീവനെ അരിച്ചെടുക്കാൻ നഴ്‌സുകമാർ നടത്തുന്ന ശ്രമത്തിനിടയിൽ അവരുടെ ജീവിതം നമ്മൾ വായിക്കാറുണ്ടോ എന്ന ചോദ്യം നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതുണ്ട്. മഹത്വ വൽക്കരിച്ചു മാറ്റി നിർത്തുന്നതോടൊപ്പം അവരുടെ പ്രായോഗിക ജീവിതത്തെ നാം പരിഗണിക്കാതെ പോകുകയും ചെയ്തു. മാലാഖ എന്ന വിശേഷണത്തിൽ അവരെ തളച്ചിട്ടപ്പോൾ ജീവിതം മുന്നോട്ട് നയിക്കാൻ വിളക്കേന്തിയ  മാലാഖാമാർ സമരം ചെയ്ത്  തെരുവിൽ ഇറങ്ങി മുദ്രാവാക്യം വിളിക്കേണ്ട അവസ്ഥ സമൂഹത്തിനു നേരെയുള്ള  ചോദ്യശരങ്ങളാണ്. 

പ്രശസ്ത എഴുത്തുകാരൻ  എൻ 'മോഹനന്റെ സ്നേഹത്തിന്റെ മുള്ളുകൾ' എന്ന കഥ  ഒരു ജീവിതത്തിന്റെ രണ്ടുകാലങ്ങളിലൂടെ നിശബ്ദ പ്രണയത്തെ കുറിച്ചും ആശുപത്രി ജീവിതത്തിലെ അവസ്ഥകളെയും വൈകാരികമായി വരച്ചു വെയ്ക്കുന്നു. ആദർശവാനായ മാതൃകാ ഡോക്ടറായ വർമ്മയുടെ ജീവിതത്തിലെ രണ്ടു കാലങ്ങൾ. ഒപ്പം ഈ രണ്ടു കാലങ്ങളും നഴ്സായിരുന്ന കാർത്യാനിയിലൂടെ കടന്നുപോകുമ്പോൾ ഡോക്ടറുടെ ജീവിതചിത്രം തെളിയുന്നു. ഒരിക്കൽ ജീവിതത്തിൽ നിന്നും ഇപ്പോൾ ജീവനെയും രക്ഷിച്ച ഡോക്ടർ വർമ കാർത്യാനിയുടെ ഭർത്താവ് വേണുഗോപാലിനും മകൾ ശകുന്തളക്കും  ദൈവമാണ്. തന്നെ മകളായി സ്വീകരിച്ചു ആദർശത്തിന്റെ സേവനതോടൊപ്പം  നടക്കുവാൻ അനുവദിക്കണം എന്ന  ശകുന്തളയുടെ അഭ്യർത്ഥന കേട്ട ഡോക്ടർ വർമ്മയുടെ  "അതുകൊണ്ട് തന്നെയാണ് വേണ്ടെന്നു പറഞ്ഞത്. വന്നാൽ മകളായി ഞാൻ സ്നേഹിച്ചുപോയീന്നു വരും. നീ ചെറുപ്പമാണ് നിനക്ക് പോകേണ്ടി വരും. പോകും. സ്നേഹത്തിന്റെ വേറൊരു മുള്ളുകൂടി എന്നിൽ നൊമ്പരമുണ്ടാക്കി തറച്ചുകിടക്കും. വയ്യ, ഒരിക്കൽക്കൂടി അതു വയ്യ" ഈ പറച്ചിലിൽ തന്നെ ഒരു കാലത്തിന്റെ മുഴുവൻ വിരഹ വേദനയും നിറഞ്ഞു നില്കുന്നു. തന്റെ ഏകാന്തതയിൽ ആ സ്നേഹത്തിന്റെ മുള്ളുകൾ ഇപ്പഴും വേദനിപ്പിക്കുന്നു. 


"രാവിലെ മാലാഖയായിട്ട് ചെന്നിറങ്ങിയതാ. ഒറ്റ മണിക്കൂറിൽ മുഴുപ്രാന്തിയായി. പണ്ടാരടങ്ങാൻ.... എന്ത് തിരക്കായിരുന്നെന്നോ ഇന്ന് ഓ പിയിൽ"   
ഐശ്വര്യയുടെ  'മറ്റൊരു മയിലാംപെട്ടിക്കാരി' എന്ന കഥ നഴ്‌സുമാരുടെ ദുരിത ജീവിതത്തെ വരച്ചുകൊണ്ടാണ് തുടങ്ങുന്നത് തന്നെ.
"രാവിലെ ആറിന് എഴുനേറ്റ് ക്യാൻറ്റീനിലെ ഒരു ഉണക്ക ബന്നും തിന്നു ഡ്യുട്ടിക്ക് കയറിയതാ. പിന്നെ ഒരിറ്റ് വെള്ളം കുടിക്കാനൊത്തില്ല.
കിടന്നതും ആരോ അനസ്ത്യേഷ്യ തന്ന പോലെ ഉറങ്ങി. സന്ധ്യക്ക് ഒരു കൊലുസിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്." ഈ വരികളിൽ നിന്ന്തന്നെ നഴ്‌സുമാർ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരവസ്ഥ മനസിലാക്കാം. 
ഐശ്വര്യയുടെ തന്നെ മറ്റുകഥകളാണ്
'മാലാഖയിൽ നിന്നുള്ള ദൂരം' വെള്ളാരം കണ്ണുള്ള മാഷ്'

ഡോ:പി. പി വേണുഗോപാലിന്റെ "സ്ട്രോബിലാന്തസ്" വെത്യസ്തമായ ഒരു കഥയാണ്. പുതിയ ഭോഗാസ്തിക്കാലം നഴ്‌സുമാരുടെ, നഴ്സിങ് വിദ്യാർത്ഥികളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ഭീതിതമായ  കയ്യേറ്റങ്ങളുടെ, ചൂഷണങ്ങളുടെ നേർക്ക് വിരൽചൂണ്ടുന്ന കഥയാണ്. വിശ്വസിക്കുന്നവരിൽ നിന്നു തന്നെ ലൈംഗിക അതിക്രമങ്ങൾ  നേരിടേണ്ടി വന്നപ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ, ഉള്ളിൽ പേറി നടക്കുന്ന പ്രതികാരാഗ്നി ഇങ്ങനെ കഥയുടെ  അഖ്യാശക്തിയാൽ  സമകാലിക സംഭവങ്ങളോട് ചേർന്നു നില്ക്കുന്നു. 

ഈ സമാഹാരത്തിലെ ശ്രദ്ധേയമായ കഥയാണ് ഡോ:വി.കെ. അബ്ദുൾ അസീസ് എഴുതിയ 'പുഴകളങ്ങനെ  പലമാതിരി'. അനുഭവത്തിന്റെ ആഴങ്ങളിൽ നിന്നും ആവാഹിച്ച കഥയിലെ ഭാഷ ലളിതവും സുന്ദരവുമാണ്. ചുറ്റുപാടുകളെ അവിടുത്തെ മനുഷ്യരെ പ്രകൃതിയെ എല്ലാം സൂക്ഷമമായി നിരീക്ഷിച്ചുമാണ്  കഥയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്.

"പളുങ്കുജലത്തിലേക്ക് കാലെടുത്തുവച്ചപ്പോൾ പുളഞ്ഞൊഴുകുന്ന മത്സ്യക്കുഞ്ഞുങ്ങൾ കാലിനു ചുറ്റും കൂടി. ചെറു കല്ലുകൾക്കിടയിൽ കാലൂന്നി മീനുകൾക്ക് സ്വയം തീറ്റയായി ഞാൻ നിന്നുകൊടുത്തു. “വെള്ളപ്പൊക്കം വന്നുപോയേപ്പിന്നെ മീനുകളൊക്കെ കുറഞ്ഞോ?" വെള്ളത്തിലേക്ക് ഇറങ്ങാൻ നിൽക്കുന്ന

കമ്മപ്പയോട് ഞാൻ ചോദിച്ചു."

ഇങ്ങനെയാണ് കഥ തുടങ്ങുന്നത്.
സൈലന്റ് വാലി സമരവും ആക്കാലത്തെ മെഡിക്കൽ വിദ്യാഭ്യാസവും എഴുപതുകളിലെ ഷുബ്ധയൗവനത്തിന്റെ ആവേശവും കഥയിലൂടെ വായിച്ചെടുക്കാം. ഒപ്പം കമ്മപ്പ എന്ന കൂട്ടുകാരനുമായുള്ള ആത്മബന്ധവും. അവരുടെ മെഡിക്കൽ പഠനകാലത്തെ അനുഭവവും, രാധ സിസ്റ്ററുടെ ജീവിതവും, പ്രസവത്തിൽ  അമ്മ നഷ്ടപെട്ട കുഞ്ഞിനെ എടുത്തു വളർത്തിയ അവരുടെ നന്മയും, എല്ലാം ചേർന്ന ജീവിതം പുഴപോലെ ഒഴുകികൊണ്ടിരിക്കുന്ന ഒന്നാണെന്നു പറയുമ്പോൾ ജീവിതത്തിൽ നിന്നും പറിച്ചെടുത്ത ഒരു ഏടായി കഥയെ വായിക്കാം. സൈലന്റ് വാലിയുടെ  പച്ചപ്പും സ്ഫടിക സമാനമായ ജലമൊഴുകുന്ന കുന്തിപ്പുഴയും, സൈലന്റ് വാലി സമരാവേശവും കഥയിൽ  വായിക്കാം.

 “അമലിന് രാധ സിസ്റ്ററുടെ അതേ ഛായയുണ്ടല്ലേ?” ഞാൻ ആ മുഖത്തുനിന്നും കണ്ണെടുക്കാതെ പറഞ്ഞു. കമ്മപ്പ് കേട്ടുവോ എന്നറിയില്ല. കമ്മപ്പയും കരയിലേക്ക് കയറിയിരിക്കുന്നു. വെയിൽ മങ്ങി. മുകളിൽ നിന്നും ഊർന്നിറങ്ങുന്ന കുന്തിപ്പുഴ യിലേക്ക് ഞാൻ മുങ്ങി. നിറയെ പുഴക്കുഞ്ഞുങ്ങൾ ആ അടി ത്തട്ടിൽ പുതുവഴി തേടിപ്പരക്കുകയാണ്. ഞാൻ പിന്നെ യും ആഴങ്ങളിലേക്ക് ഇറങ്ങി. വക്കത്തെ ഉയർന്ന മരത്തിന്റെ വേരുകൾ പുഴയെത്തേടി ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നത് ഞാൻ കണ്ടു. മരങ്ങളുടെ വേരുകൾപോലെ ആഴത്തിലേക്ക് ഊർന്നിറങ്ങി പ്പോകാൻ എനിക്ക് കൊതിയായിട്ടുവയ്യ! പഴങ്ങളിലെ ഓർമ്മകൾക്ക് കുന്തിപ്പുഴയോളം കരുത്തുണ്ടാവണം എന്നും, ആഴത്തിലെ തേഞ്ഞു കറുത്ത കല്ലുകളിലേക്ക് ഞാൻ കൈതൊടാനാഞ്ഞു... " ഇങ്ങനെയാണ് കഥ അവസാനിപ്പിക്കുന്നത് കഥയിൽ ഞാനായി കഥാകൃത്ത് ഡോ. അബ്ദുൾ അസീസ് നിറഞ്ഞു നില്കുന്നു. അദ്ദേഹത്തിന്റെ പ്രഥമ കഥാസമാഹാരമായ 'ആൾക്കണ്ണാടി'യിൽ ഈ കഥയും ഉണ്ട്.

'ആഭ'  എന്ന ബിച്ചു കൽഹാരയുടെ കഥ  വേദനയോടെയേ  വായിച്ചു തീർക്കാൻ പറ്റൂ. കാൻസർ രോഗിയായ എഴുത്തുകാരനും അവരെ പരിചരിക്കുന്ന ശലഭപെണ്ണ് എന്ന് അദ്ദേഹം വിളിക്കുന്ന നഴ്‌സും തമ്മിലുള്ള ആത്മബന്ധമാണ് ഈ കഥ.
"ശലഭപെണ്ണേ... നീ ലീവിന് പോവുന്ന ദിവസം മരിക്കണമെന്നാണ് ഇവിടുത്തെ എല്ലാവരുടെയും ആഗ്രഹം, എന്റെയും...."
ഓഹോ അപ്പോ എല്ലാവരും മരിക്കാൻ കാത്തിരിക്കയാണല്ലേ... "
അവൾ എല്ലാവരോടും ചോദിച്ചു പെട്ടെന്നവളുടെ നിയന്ത്രണം നഷ്ടപ്പെടുകയും കരഞ്ഞുപോകുകയും ചെയ്തു. "

രോഗിയായ  സാഗർ എന്ന എഴുത്തുകാരൻ നഴ്സ് ആഭയോട് പറയുന്ന സംഭാഷണത്തിൽ തന്നെ അവരുടെ ആത്മബന്ധം വ്യക്തമാണ്. ഒരു രോഗി എന്നതിലപ്പുറം അവരെയൊക്കെ സ്വന്തം ആരെല്ലാമോ ആകുന്ന മാനസികാവസ്ഥയാണ് ആതുരസേവന മേഖലയിലെ നഴ്‌സുമാരെ മഹത്തരമാക്കുന്നത്. വേദന നിറച്ച ഈ കഥ ആശുപത്രി കിടക്കയിൽ ജീവന് വേണ്ടി ദാഹിച്ചു കിടന്ന  പലരുടെയും അനുഭവം കൂടിയാണ്.

ഈ സമാഹാരത്തിലെ അവസാനത്തെ കഥ ഡോ. ഖദീജ മുംതാസ് എഴുതിയ 'കൗമാരം' ആണ്. വയസ്സന്മാർക്ക്  വരേണ്ട അസുഖം പതിനാലുകാരനായ യാസിറിനു വന്നത് പലരെയും വേദനിപ്പിക്കുന്നു. ഇതുപോലുള്ള യാസിർമാർ നമ്മുടെയൊക്കെ ചുറ്റുവട്ടത്ത് ജീവിക്കുന്നുണ്ടാകാം. വീട്ടുകാർക്ക് പോലും ഭാരമാകുന്ന ജീവിതങ്ങൾ ഇവിടെയും അത്തരം ചിന്തയിലേക്ക് യാസിറിന്റെ ഇക്ക റഹീമിൽ വരുന്ന മാറ്റവും യാസിറിന്റെ പുഞ്ചിരിയിൽ  പാളിപ്പോയ ചിന്ത വീണ്ടും മനുഷ്യത്വത്തിലേക്കും സാഹോദര്യ സ്നേഹത്തിലേക്കും തിരിച്ചു വരുന്ന കഥ. ഡോ. ഖദീജ മുംതാസിന്റെ 'അധിനിവേശങ്ങൾ' എന്ന സമാഹാരത്തിൽ നിന്നും എടുത്ത ഈ  കഥ ആത്യന്തികമായി   മനുഷ്യനിൽ നന്മയാണ് കുടികൊള്ളുന്നതെന്ന് പറയുന്നു. 

ഈ  സമാഹാരം വായിച്ചു തീരുമ്പോൾ  നാം ഉള്ളിൽ  സ്പർശിക്കാതെ  മാലാഖ എന്ന് പറഞ്ഞു തീർത്ത വെറും വാക്കുകളുടെ ഓർമകളിലേക്ക് നഴ്‌സുമാരുടെ വേദനനിറഞ്ഞ ജീവിതങ്ങൾ കയറി വരും പുസ്തകത്തിന്റെ അവതാരികയിൽ അവസാനം പറഞ്ഞ വരി ഇങ്ങനെയാണ്. അതാണ് സത്യവും.
"നിശ്ചയം ഒരു നഴ്സിന്റെ ജീവിതം നിരർത്ഥകമല്ല തന്നെ!
 
Library No: 833.01 KAD/C : 4303

No comments:

Post a Comment

20. Puntius thomassi. (കുഴികുത്തി)

  20. Puntius thomassi .   Malayalam Name: കുഴികുത്തി     ...