Monday, 9 January 2023

ഊന്നുവടി

 കവിത

 

 

 

 

 

 

 

 

 

 

ധുരത്തിനും കയപ്പിനുമിടയിൽ 

ഇന്നാദ്യമായെൻ പാതി നോക്കി പുഞ്ചിരിച്ചു,

കിടപ്പിലായകാലമത്രയും പാതി തന്നുടെ
ശോഷിച്ച ശരീരത്തെക്കുറിച്ച് ഓർത്തതേയില്ല.

എന്നാൽ ഇന്നറിയുന്നു ഞാൻ ആ, 
നേത്രങ്ങളിൽ സ്നേഹത്തിനാഴം

സ്വപ്നപ്പറവകൾ പാടിയാടുന്ന 
രണ്ടു ഊന്നുവടികളാണെന്നറിയാതെ 
ഞാനും അതിലാഴ്ന്നുപോയ്

പിന്നെയും പാതിതൻ 
വിരലെന്നെ  തലോടിപ്പറഞ്ഞൂ 
"നിനക്കായ്  ഞാനുമെൻ  കഴിവും ഒന്നും ചെയ്തില്ല" 
ആ കുറ്റബോധം  
ഇന്നുമെൻ ഹൃദയത്തിലാഴ്ന്നുപോയ്... 
പിന്നീടാ... 
ജീവനൊന്നുമാരാഞ്ഞില്ല.....
 
-----------------------------------------
നിമിഷ ബാബുരാജ്
അസിസ്റ്റന്റ് പ്രൊഫസർ
മാനേജ്മന്റ് സ്റ്റഡീസ്
എംടിഎം കോളേജ്, വെളിയങ്കോട്, മലപ്പുറം 


കണ്ണാടി വെബ് മാഗസിനിൽ പ്രസിദീകരിച്ച കവിത
ലിങ്ക്: https://kannadimagazine.com/article/2157

എന്നിൽ നീ

 

കവിത


ർമകളുടെ  ദൂരം തേടിപ്പോകാനും
ചിന്തകളുടെ ഭാരം പേറിനടക്കാനും
കരയുമ്പോൾ കുടെ ചിരിക്കാനും
ചിരിക്കുമ്പോൾ ഇനി ഒരു കണ്ണുന്നീർ
ഉണ്ടെന്നോർമിപ്പിക്കാനും
മഴയിലും വേനലിലും ഇരുളിലും
പകലിലും തീനാളത്തിലും
നിലാപ്രകാശത്തിലും എൻ കൂടെ
ഉണ്ടെന്നുറപ്പുള്ള ഒരേ ഒരുവൾ
കൈഎത്തി പിടിക്കുമ്പോൾ കൂടെ ചേരുന്നു,
ആലിംഗനത്തിൽ  എന്നിൽ നിന്നും
പറിച്ചെടുക്കാൻ സാധിക്കാത്ത വിധം
എന്നിലമരുന്നു , ഞാൻ നോക്കുമ്പോൾ
അതുപോലെ നോക്കാനും ഞാൻ കരയു-
മ്പോൾ കണ്ണുനീർ ഒപ്പാനും നിൻ കരങ്ങൾ
ഉയരാനിരിക്കുമ്പോഴും ഞാൻ എന്ന ശരീരം
മറ്റൊരുവൻ തൻ വയർപ്പിനാൽ
കുതിരുമ്പോഴും , പ്രാണയവേദനയിൽ ഒരു
ജീവനു ജന്മം നൽകുമ്പോഴും അവസാന-
ശ്വാസം എന്നിൽ നിന്നു വിട്ടകലുമ്പോഴും
ചാരമോ മണ്ണോആയി ഞാൻ ലയിക്കു -
മ്പോഴും നീ എനിക്കു കാവലായ് നിൽപ്പൂ...
ഞാൻ പ്രണയിക്കുമ്പോൾ പ്രാണനായി-
കണ്ടതും നിന്നെ, പ്രണയമായി എന്നിൽ
തുടങ്ങി എന്നിൽ അവസാനിച്ചതും നീ....

-----------------------

മീരശ്രീ

BA English 6th Sem

എംടിഎം കോളേജ്. വെളിയങ്കോട്. മലപ്പുറം  


 

Saturday, 7 January 2023

കാലം (കവിത)

 (കവിത)



 

 

 

 

 

 

 

 

 

 

 

 

 

തുടക്കം, ഞാൻ, നീ...

നമ്മൾ, കനവ്, നിനവ്, നിറവ്, പൂർണ്ണത, പരിപൂർണ്ണത.

വീഴ്ച, ശൂന്യത, തേങ്ങൽ...

നീയോർമ്മകൾ, നനവോർമ്മകൾ, നോവോർമ്മകൾ ...

ഞാനില്ലായ്മ, ഒടുക്കം, നീ, നീ, നീ...

----------------------------------

ഹസ്ന.കെ

BA English  


 

ലൈബ്രറി വാർത്തകൾ

 എംടിഎം കോളേജ് ലൈബ്രറിയിൽ പുതിയതായി വന്ന പുസ്തകങ്ങൾ 

 


 

 

 

 

 

 

 

 

 

 

 

1. ആൾകണ്ണാടി (കഥാ സമാഹാരം) ഡോ:വികെ അബ്ദുൽ അസീസ്

2. സെൻട്രൽ ലൈബ്രറിയിലെ സുഹൃത്ത് (അനുഭവം) വിമൽ ബാബു.പി

3. അനുരാഗിയുടെ റസൂൽ (ലേഖനങ്ങൾ) ശരീഫ് സിദ്ദീഖി ബ്രിസ്‌ബൺ

4. WISE AND OTHERWISE- SUDHA MURTY

5. THE LITTILE VILLAGE CRISTMAS - - SUE MOORCROFT

6. താവളം നിർമ്മിക്കുന്നവർ (കഥാ സമാഹാരം) ജഹാംഗീർ ഇളയിടത്ത്

7. മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ്‌ (ജീവചരിത്രം) എം. റഷീദ്

8. ജിന്ന് (അറേബ്യൻ നാടോടിക്കഥ) പുരാഖ്യാനം: എസ്.എ.ഖുദ്സി

9. എന്താണ് മാർക്സിസം (ലേഖനങ്ങൾ) ഇ.എൻ.ബലറാം

10. ANIMAL FARM (NOVEL) GEORGE ORWELL



ഇനിമുതൽ ലൈബ്രറി വാർത്തകൾ ബ്ലോഗ് വഴി അറിയാം

ബ്ലോഗ് ലിങ്ക് ഇതാ :- https://mtmlibrary.blogspot.com/



 



Friday, 6 January 2023

ജാതിയുടെ നൂറു നൂറു സിംഹാസനങ്ങൾ

 

വായനാനുഭവം:-    ഫൈസൽ ബാവ 


(ജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന നോവലിന്റെ വായനാനുഭവം) 


ജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന നോവലിന്റെ വായനാനുഭവം 2016 പ്രസിദ്ധീകരിച്ചത് (ഇത്തവണ ഡിഗ്രിക്ക് BBA BCom ഒന്നാം വർഷം മലയാളത്തിൽ  ഈ നോവൽ പഠിക്കാൻ ഉണ്ട്)



ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ എന്ന നോവൽ വായിച്ചു തീരുമ്പോൾ നാം ഇതുവരെ നേടിയെന്നു പറയുന്ന പുരോഗതി ഒക്കെ തന്നെ ഇന്നും എത്രകണ്ട്‌ ജാതീയവും അസമത്വവും നിറഞ്ഞതാണെന്നും ഇന്നും കീഴാളവർഗ്ഗങ്ങളെ മുഖ്യധാര എങ്ങനെ കാണുന്നു എന്നും മനസിലാക്കാം. കീഴാളരിൽ പെട്ട നായാടിവർഗ്ഗം അന്നും ഇന്നും തീണ്ടാപാടകലെ മാത്രമല്ല അതിനുമപ്പുറം ആഴത്തിൽ ആണെന്നു വേണം പറയാൻ. സ്വന്തം അമ്മയുടെ ദയനീയ ജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്. നായാടിയായതിനാൽ അഴുക്കു പുരണ്ട ജീവിതസാഹചര്യങ്ങൾ മാത്രമേ അവകാശമായി കിട്ടിയിട്ടുള്ളൂ എന്നും നായാടി അല്ലാതെ ബാക്കി വരുന്ന മനുഷ്യർ ഒക്കെ തന്നെ  തങ്ങളുടെ യജമാനന്മാരാണ് എന്നും മനസ്സിൽ പേറിയ ആ അമ്മയ്ക്ക് മകന്റെ ഉന്നത ജീവിതത്തോടൊപ്പം മുന്നോട്ട് പോകാനോ അതിൽ ലയിക്കാനോ സാധ്യമല്ല. അമ്മക്ക് മകൻ അന്ന് ഇന്നും മൂക്കൊലിപ്പിച്ച് ഷർട്ടിടാതെ നടക്കുന്ന കാപ്പൻ തന്നെയാണ്, കുപ്പായമിടുക എന്നത് അത്യന്തം പാതകമാണെന്നും അതു യജമാനന്മാരായ മറ്റുള്ളവർക്ക് പറഞ്ഞതാണെന്നും ആ പാവം അമ്മ അവസാനം വരെ വിശ്വസിച്ചുപോന്നു. എന്നാൽ രമണിയെ കല്യാണം കഴിച്ച് സമൂഹത്തിൽ ഉന്നത അധികാരം പേറുന്ന കാപ്പന് ആ പേര് പോലും ബാധ്യത ആകുകയാണ്. ഭീഷണമായി മുഖത്തേക്ക് തുറിച്ചു നോക്കുന്ന യാഥാർഥ്യങ്ങളാണ് കാപ്പന് ചുറ്റും. ഏതൊരു സിംഹാസനവും ജാതിയുടെ കറപറ്റിയ അവജ്ഞനിറഞ്ഞ നോട്ടങ്ങളുടെ നടുവിലാണെന്നു കാപ്പൻ തിരിച്ചറിയുന്നു. മൃഗാശുപത്രിയിലെ വാർഡിൽ മൃഗസമാനമായി കിടക്കുന്ന അമ്മയുടെ ചിത്രം സൂചിപ്പിച്ചുകൊണ്ട് കുഞ്ഞൻ നായർ പറയുമ്പോൾ ഏറെ കാലം ആ കരിഞ്ഞ ജീവിതത്തെ എത്തിനോക്കാത്ത വേദന ഉള്ളിൽ പേറുന്നു എങ്കിലും നിലവിലെ ജീവിത സാഹചര്യം അമ്മയെ വാരിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിക്കുന്നില്ല. നായാടി വർഗത്തിന്റെ ദയനീയമായ ജീവിത പരിസരത്തെയാണ് അമ്മയുടെ ജീവിതത്തിലൂടെ വ്യക്തമാക്കുന്നത്. മനുഷ്യരായി പരിഗണിക്കാതെ പോയ ഈ ജീവിതങ്ങളുടെ ദുരന്തപൂർണ്ണമായ ചരിത്രത്തേയും നോവലിലൂടെ വരച്ചു കാട്ടുന്നു.


“ആയിരത്തി എണ്ണൂറ്റി എഴുപതുകളിലെ പഞ്ഞത്തിൽ തെക്കേയിന്ത്യയിൽ മാത്രം മൂന്നു കോടിയാളുകളാണ് പട്ടിണി കിടന്നു ചത്തത്. അതിൽ നായാടികൾ മിക്കവാറും ചത്ത്‌ മുടിഞ്ഞിട്ടിക്കാനാണ് സാധ്യത. കല്ലിന്റെയുള്ളിൽ കഴിയുന്ന തവളപോലെ അവർ ജീവിച്ചിരുന്നതും ആർക്കുമറിയില്ല, ചത്തതും അറിഞ്ഞിരിക്കില്ല. പക്ഷെ, അതും തറപ്പിച്ചു പറയാനാവില്ല. ചവറും അഴുക്കും തിന്നാൻ ശീലിച്ചവരാണ് നായാടികൾ. അവർ അതുമാത്രം തിന്ന് നഗരങ്ങളിൽ ജീവിച്ചിരിക്കാനും ഇടയുണ്ട്. നഗരങ്ങൾ വളർന്നപ്പോൾ ചവറ്റുകൂനകൾ വളർന്നു. അവയിൽ ജീവിക്കുന്ന ഒരുകൂട്ടമാളുകൾ ഉണ്ടായി. അവരിലധികവും നായാടികളായിരിക്കാം.”
നഗരം വളരുമ്പോൾ ഒപ്പം അഴുക്കുപുരണ്ട കുറെ ജീവിതങ്ങളും വരുമെന്നും പാർശ്വവൽക്കരിക്കപ്പെട്ട ഇവരെന്നും മനുഷ്യരല്ലാതെ കഴിയുമെന്നുമുള്ള സമകാലിക യാഥാർഥ്യം നോവലിൽ തുറന്നു കാണിക്കുന്നു. നായാടികളെ മനുഷ്യരായി കണക്കുകൂട്ടയിരുന്നില്ല എന്നുമാത്രമല്ല അവർക്ക് പൊതുസമൂഹത്തിൽ ഇടം നൽകാൻ പുരോഗമന വാദികൾ വരെ തയ്യാറായിരുന്നില്ല എന്നതാണ് സത്യം. ഈ നോവലിലെ നായകൻ ഉയർന്ന പദവി അലങ്കരിക്കുന്ന അധികാരി ആണെങ്കിൽ കൂടി നായാടിയാണെന്ന അപകർഷതാബോധം ഇടക്കിടക്ക് തികട്ടി വരുന്നുണ്ട്. ഇന്നും ഏറെ പുരോഗമിച്ചിട്ടും കീഴാള വർഗ്ഗത്തിൽ പെട്ടവൻ ഉന്നതാധികാരം കയ്യാളുമ്പോൾ അതിന്റെ അമർഷവും രോഷവും സവർണ്ണർ പരസ്യമായി തന്നെ പ്രകടമാക്കുകയും അതിനെ മറികടന്നു അപകർഷതാബോധത്തിൽ നിന്നും കുടഞ്ഞെഴുനേൽക്കാൻ തയ്യാറാവുന്നില്ല എന്നത്തന്നെയാണ് ഇന്നിന്റെയും ദുരന്തം.
“അധികാരത്തിന്റെ ഉത്തരവാദിത്തം മുഴുവൻ പേറികൊണ്ട് ഒരു അധികാരവും ഇല്ലാതെ ജീവിക്കുന്ന നഗരത്തിൽ ഞാൻ ചെന്നുചേർന്നു. ഞാൻ പണിയെടുത്ത ഓരോ ഓഫീസിലും എനിക്കു താഴെ ഒരു ശക്തനായ രണ്ടാംനില അധികാരി ഉണ്ടാവും. അയാൾ ആ ഭാഗത്ത് ഏറ്റവും കൂടുതലുള്ള ജാതിയിൽ പെട്ടയാളായിരിക്കും. ഭരണകക്ഷിയിലെ പ്രമുഖർക്കോ ഉന്നത അധികാരികൾക്കോ വേണ്ടപ്പെട്ട ആളായിരിക്കും. ഞാൻ വന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ മുഴുവൻ അധികാരവും അയാളുടെ കൈകളിലേക്ക് ചെന്നുചേരും. അയാളുടെ ഉത്തരവുകൾ മാത്രമേ നടക്കുകയുള്ളൂ. അയാളാണ് ഭരിക്കുന്നത് എന്ന് എല്ലാവരും അറിഞ്ഞിരിക്കും. എന്നാൽ അയാൾ എന്നോട് ഭവ്യതയോടെ പെരുമാറും. ആ പട്ടുതുണിയുടെ ഉള്ളിൽ ഇരുമ്പുണ്ടെന്ന് എപ്പോഴും എനിക്കയാൾ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും”


അധികാരികൾ എന്നും സവർണ്ണൻ തന്നെയായിരിക്കും എന്ന ഇന്ത്യൻ സാഹചര്യങ്ങളെയാണ് തുറന്നു കാണിക്കുന്നത്. അധികാരത്തിൽ എത്തിയാലും കീഴാളന്റെ മുഖത്ത് ഭീതി നിലനിൽക്കുന്നു. ഇവിടെ കാപ്പനിലും ആ ഭീതി നിഴലിക്കുന്നുണ്ട്. നായാടിയെ നായാടുന്ന സമൂഹത്തിന്റെ ക്രൗര്യവും, അപകർഷതാബോധം മൂലം ആൾക്കൂട്ടത്തിലും ഒറ്റപ്പെട്ടുപോകുന്ന ഒരു മനസ്സിന്റെ തീവ്ര വേദന ഈ നോവലിൽ വായിച്ചെടുക്കാനാകും.
ഒരെഴുത്തുകാരൻ എന്ന നിലയിൽ ജയ്മോഹന്റെ എഴുത്തിനോടുള്ള സമീപനവും രാഷ്ട്രീയവും ഈ നോവലിൽ നിന്നും വ്യക്തമാണ്. ആർക്കും എപ്പോഴും പകർപ്പവകാശം ഇല്ലാതെ തന്നെ ഈ നോവൽ ഉപയോഗിക്കാം എന്നുള്ളതുകൊണ്ട് തന്നെ ചെറുതും വലുതുമായ ഒട്ടുമിക്ക പ്രസാധകരും ഈ നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെ ഏറെ പേര് വായിച്ച ഈ നോവൽ എത്രപ്രതി ഇറങ്ങിയെന്നു അറിയാൻ കഴിയില്ല മലയാളം ഒന്നടങ്കം ഈ നോവൽ ഏറ്റെടുക്കുകയും ചർച്ച ചെയ്യുകയും ചെയ്തു എന്നുള്ളത് തന്നെ ഈ നോവലിന്റെ സ്വീകാര്യതയെയാണ് കാണിക്കുന്നത്

Thursday, 5 January 2023

വരും ജന്മമെങ്കിലും (കവിത)

 (കവിത) 

കണ്ണാടി മാഗസിനിൽ   എംടിഎം  കോളേജിലേ BA ഇംഗ്ലീഷ് ഫൈനൽ ഇയർ  വിദ്യാർത്ഥിനിയായ 

ഹസ്ന.കെ എഴുതിയ 'വരും ജന്മമെങ്കിലും' എന്ന കവിത 

 


നോവാറ്റിക്കുറുക്കി വച്ചൊരു ബാല്യമുണ്ട്,
വിജനതയിൽ കാറ്റുവീശുന്നത്ര
അസ്വസ്ഥമായത്..

കാലത്തിന്റെ കരങ്ങൾക്ക്
തലോടിയുണക്കാനൊക്കാത്ത
മുറിവുകളുമുണ്ട് ;
ഒരു നേർത്ത പുൽകലിൽ,
ഒരു സ്നേഹചുംബനത്തിൽ
തീരേണ്ടവ..

നീല റിബ്ബണിൽ
ഇഴകളൊതുക്കിക്കെട്ടിയ മുടി
നീണ്ടുനീണ്ട് കഴുത്തിറുക്കുന്നുണ്ട്..
ആയുസ്സു തീർന്ന ഇന്നലെകൾ
കൈവീശിയകലുമ്പോൾ
കണ്ണുകുത്തിപ്പൊട്ടിച്ച്
ഇന്നുകൾ പരിഹസിക്കുന്നു..

മിഠായി വാങ്ങിത്തരണമെന്നല്ല
ആവശ്യം,
കൈ പിടിച്ച് കൂടെ വരണമെന്നാണ്..

കൂടിച്ചിരിക്കുമ്പോൾ ഒറ്റക്ക്
കരയാൻ വിടരുത്..
സ്നേഹത്തിന്റെ പളുങ്കുപാത്രത്തിൽ
ഒരൽപ്പം വാത്സല്യമിറ്റിക്കുക..

കരയുന്നത് കുന്നിക്കുരുവിനു
വേണ്ടിയാണ്,
പകരം വൈരക്കല്ല് തന്നാലും
കുന്നിക്കുരുവാകില്ലല്ലോ!

പ്രിയ ബാല്യമേ..
ഇനിയും സ്നേഹത്തിനു മുന്നിൽ
നീ നോക്കുകുത്തിയാകാതിരിക്കട്ടെ..
വരും ജന്മമെങ്കിലും
ഒരിറ്റ് മധുരം കൊണ്ടു നീ
നിന്റെ ജീവൻ തുടങ്ങട്ടെ..
.........
 
ഹസ്ന. കെ
BA english Finel year
MTM കോളേജ്
വെളിയങ്കോട് 




കണ്ണാടി വെബ് മാഗസിന്റെ ലിങ്ക്
https://kannadimagazine.com/article/2175
 


 

20. Puntius thomassi. (കുഴികുത്തി)

  20. Puntius thomassi .   Malayalam Name: കുഴികുത്തി     ...