ജോൺ ജോസഫ് പനക്കല്‍
വർദ്ധിച്ചു വരുന്ന ആത്മഹത്യകൾ കാണുമ്പോൾ പറയാൻ തോന്നുന്നു, മുണ്ട് മുറുക്കിയുടുക്കാൻ പഠിക്കൂ....
ഞാൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ എന്റെ കുടുംബം ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. പഠിക്കാനും നല്ല വസ്ത്രങ്ങൾക്കും ഒക്കെ ഏറെ പ്രയാസമുണ്ടായിരുന്നു. അപ്പോൾ ഒക്കെ അപ്പൻ പറയുന്ന മന്ത്രമാണ്, മുണ്ട് മുറുക്കിയുടുക്കുക. ആരോടും ഒന്നും ആവശ്യപ്പെടരുത്, ഒരു രൂപ പോലും കടം ചോദിക്കരുത്. വെറുതെ തരാമെന്നു പറഞ്ഞാലും ആരുടെ അടുത്തു നിന്നും ഒന്നും വാങ്ങരുത്. ഇല്ലെങ്കിൽ ഇല്ല എന്ന് വെയ്ക്കണം. അയൽപ്പക്കങ്ങളിൽ ധൂർത്ത് കാണുമ്പോൾ കണ്ണടയ്ക്കുക. അല്ലാതെ അത് ജീവിതത്തിൽ പകർത്തരുത്. കഠിനാധ്വാനം ചെയ്യുക. ആരെയും പറ്റിക്കാതെ, പേടിക്കാതെ ജീവിക്കുക. ഉള്ളത് കൊണ്ട് ജീവിക്കാൻ ശീലിച്ചാൽ കഞ്ഞിയാണെങ്കിലും സമാധാനമായി മോന്തി കുടിക്കാം. രാത്രി കിടന്നാൽ ഉടനെ, സുഖമായി കൂർക്കം വലിച്ചുറങ്ങാം..!
ആ ഉപദേശം ഇന്ന് വരെ ജീവിതത്തിൽ പകർത്തിയ മന്ത്രമാണ്..! മക്കൾക്ക് കൊടുക്കുന്ന ഉപദേശവും അത് തന്നെ ആണ്.
ജീവിതത്തിൽ ഇന്നുവരെ കടം വാങ്ങിയിട്ടില്ല. ഇല്ലെങ്കിൽ ഇല്ല, ഉണ്ടെങ്കിൽ ഉണ്ട്. ഉണ്ടെങ്കിൽ അത് കുടുംബവുമായി സന്തോഷത്തോടെ പങ്കിടും...!
കേരളം, ലോകത്തിലെ ഏറ്റവും വലിയ മത്സര കളമാണ്. അയൽക്കാരനേക്കാൾ വല്ല്യ വീട്, വല്ല്യ കാർപോർച്ച്, വല്ല്യ കാർ, വല്ല്യ ബൈക്ക്, വല്ല്യ ടിവി. വല്യ സൗഹൃദങ്ങൾ, ബന്ധങ്ങൾ. വല്ല്യ സ്‌കൂൾ-കോളേജ് പഠനം, വല്ല്യ ബിരുദങ്ങൾ, അതും പറ്റുമെങ്കിൽ വിദേശത്ത് നിന്ന്..!
അയൽക്കാരും കൂട്ടുകാരും പോകുന്നത് കൊണ്ട് വിദേശ യാത്രകൾ. കൂട്ടത്തിൽ വല്ല്യ കടങ്ങളും, അതും ജീവനെടുക്കുന്ന തീരാ കടങ്ങൾ.
മലയാളി മുണ്ട് മുറുക്കിയുടുക്കാൻ പഠിച്ചില്ലെങ്കിൽ ഇനിയും ദുരന്തങ്ങൾ നമ്മെ തേടി വരും. ടിവി വാർത്തകൾ കണ്ണ് നനയിക്കുന്നു..!
('Life's Struggle' Painting by Salman Ravish)
----------------------------
ജോൺ ജോസഫ് പനക്കല്‍
പ്രിൻസിപ്പൽ എംടിഎം കോളേജ് ഓഫ് ആർട്സ് സയൻസ് & കൊമേഴ്‌സ്. വെളിയങ്കോട്
No comments:
Post a Comment