ജോൺ ജോസഫ് പനയ്ക്കൽ
ഞാൻ ഇക്കഴിഞ്ഞ നാളിൽ ചമ്രവട്ടം പാലം വഴി വരികയുണ്ടായി. കൂടെ സഹധർമ്മിണിയും ഉണ്ട്. വണ്ടിനിർത്തി, പാലത്തിനടുത്തുള്ള ഇക്കയുടെ ഓലകടയിൽ കയറി ആടുന്ന മരബെഞ്ചിൽ ഇരുന്ന് ചായയും ചൂട് പരിപ്പുവടയും കഴിക്കുമ്പോൾ ഒരു വന്ദ്യ വയോധികനെ പരിചയപ്പെട്ടു.
ഖദർ വേഷം. തോളിൽ ഖദർ തോർത്ത്. അദ്ദേഹം എന്നോട് പറഞ്ഞു. "ഇവിടെ സാധാരണ ആണുങ്ങൾ പെണ്ണുങ്ങളെ കൂട്ടി വഴിയോരത്തെ ചായക്കടയിൽ കയറാറില്ല. ങ്ങള് ഈ നാട്ടുക്കാരല്ലന്ന് തോന്ന്ണു". ഞാൻ തലയാട്ടി, ഞങ്ങൾ കുന്നംകുളത്ത്ക്കാരാണ്. ജോലി കഴിഞ്ഞു വരാണ്.
കുറച്ചു നേരം സംസാരിച്ചിരുന്നു. അദ്ദേഹം സ്വയം പരിചയപ്പെടുത്തി. "15 വർഷം പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു. ഇപ്പോ ഒക്കെ വിട്ടു സ്വസ്ഥം. വൈകിയിട്ട് ഇടക്ക് ഇങ്ങോട്ട് ചായ കുടിക്കാൻ ഇറങ്ങും. ചിലപ്പോ പഴയ ചങ്ങാതിമാരെ ഒക്കെ കാണാൻ പറ്റും. ഞാനും കമ്മ്യുണിസ്റ്റ് നേതാവ് സഖാവ് പാലോളി മുഹമ്മതും ഇത് പോലെ ഇവിടെ ഈ പുഴ തീരത്ത് ഇരുന്ന് എത്ര ചായകുടിച്ചിട്ടിൻഡ്. അന്ന് അനുഗ്രഹ ഹോട്ടൽ ആണ് ഞങ്ങടെ സ്ഥിരം ചായക്കട. എന്തൊക്കെ രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്. അന്ന് ചമ്രവട്ടം പാലം വന്നിട്ടില്ല. പുഴക്ക് അക്കരെ പോവാൻ വള്ളമാണ്. ഞാൻ പഴയ കോങ്ങ്ഗ്രസ്സാ, മൂപ്പര് നല്ല വെടിപ്പുള്ള കമ്മ്യൂണിസ്റ്റും. എതിർ ചേരിയിലാണ് ന്നാലും ഞങ്ങ ചങ്ങാതികൾ ആയിരുന്നു. ഒക്കെ ഇന്നലെ പോലെ തോന്ന്ണ് ".
"ഇവിടെ ലീഗല്ലേ മുന്നിട്ട് നിക്കണത്. നിങ്ങക്ക് ലീഗിൽ ചേരാൻ ഒന്നും തോന്നിയില്ലേ...?" ഞാൻ വെറുതെ കുശലം ചോദിച്ചു...
" കോഗ്രസ്സ് ആയിരുന്നു. ഇനി അവസാനം വരെ അത് മാത്രം. ജാതീം മതോം നോക്കി രാഷ്ട്രീയം എനിക്ക് വശല്യ... ഒറ്റ വിഷമേള്ളൂ.... ഒരു മോനിണ്ട്. ഓന് ഒരു ജോലി ശരിയാക്കി കൊടുക്കാൻ സാധിച്ചില്ല. അരുടേം അടുത്ത് ശുപാർശ ചെയ്യാൻ വയ്യ. ചെയ്ത ശീലല്ല്യ. ഇനി ഇട്ട് അത് തുടങ്ങാൻ വയ്യ...." അദ്ദേഹം പറഞ്ഞു നിർത്തി. തോർത്തെടുത്ത് മുഖത്തെ വിയർപ്പൊപ്പി.
സംശുദ്ധ രാഷ്ട്രീയം മാത്രം ശീലിച്ച ആ മെലിഞ്ഞു കുറിയ മനുഷ്യനോട് യാത്ര പറഞ്ഞു പോരുമ്പോൾ അസ്തമനസൂര്യൻ ചുകന്ന്, മെല്ലെ പടിഞ്ഞാട്ട് ചായുന്നു.......
മനസ്സ് പറഞ്ഞു. "സംശുദ്ധ രാഷ്ട്രീയം ചമ്രവട്ടം പാലത്തിനടിയിലൂടെ ഒഴുകി ഒഴുകി അങ്ങ് അറബിക്കടലിൽ പോയി മറഞ്ഞു കഴിഞ്ഞു. ഇത് മക്കൾക്ക് വേണ്ടി ജീവിക്കുന്ന നേതാക്കന്മാരുടെ കാലമാണ് "!
---------------------------
ജോൺ ജോസഫ് പനക്കല്‍
പ്രിൻസിപ്പൽ എംടിഎം കോളേജ് ഓഫ് ആർട്സ് സയൻസ് & കൊമേഴ്‌സ്. വെളിയങ്കോട്
No comments:
Post a Comment